കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്‍റർ ദുബായില്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷനാകും. ദുബായിലെ താജില്‍ വൈകീട്ട് നാലുമണിക്കാണ് ഉദ്ഘാടന ചടങ്ങ്. വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളില്‍ ഏകദേശം 32 ദശലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവര്‍ഷം 78 ബില്യണ്‍ ഡോളറാണ് പ്രവാസി സമൂഹം നല്‍കുന്നത്. കേരളത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനും പ്രവാസി സമൂഹത്തിന്‍റെ വിപുലമായ സംഭാവനകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി പദ്ധതി ആരംഭിക്കുന്നത്.
സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ആഗോള ഡെസ്കായി പ്രവര്‍ത്തിക്കും, പ്രവാസി സമൂഹത്തിന് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ വിപണി വിപുലീകരിക്കാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്‍ഫിനിറ്റി കേന്ദ്രങ്ങളില്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ യുഎസ്എ, യുഎഇ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുറക്കുന്നത്.
സംസ്ഥാന ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, യുഎഇയിലെ ഇന്ത്യന്‍ അമ്പാസിഡര്‍ സുഞ്ജോയ് സുധീര്‍, കെഎസ് യു എം സിഇഒ അനൂപ് അംബിക, ദുബായ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ. അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി, ആസ്റ്റര്‍ ഡിഎം എംഡി ആസാദ് മൂപ്പന്‍, ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.