രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് ആരംഭിക്കും; ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും
യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രക്ക് ഇന്ന് കാസർകോട് നിന്ന് തുടക്കമാകും. സംശുദ്ധം, സദ്ഭരണം എന്ന മുദ്രവാക്യമുയർത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എംഎം ഹസൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യാത്ര സംഘടിപ്പിക്കുന്നത്. പ്രവർത്തകരെയും നേതാക്കളെയും തെരഞ്ഞെടുപ്പിന് സജ്ജമാക്കുക, സർക്കാരിനെതിരായ പ്രചാരണം സംസ്ഥാനത്തുടനീളം സജീവമാക്കുക, സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കമിടുക എന്നീ ലക്ഷ്യങ്ങളുമായാണ് യാത്ര
നാളെ വൈകുന്നേരം അഞ്ച് മണിക്ക് യാത്രക്ക് ആദ്യ സ്വീകരണം നൽകും. മറ്റന്നാൾ രാവിലെ പെരിയയിലും ഉച്ചയ്ക്ക് കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എത്തുന്ന യാത്ര വൈകുന്നേരത്തോടെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും