വിമാന സർവീസുകൾ നിർത്തിവച്ചു; യു എ ഇയിൽ അനാഥമായി പ്രവാസികളുടെ മൃതദേഹങ്ങൾ
കൊറോണ വയറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയിൽ വിമാന സർവീസുകൾ നിർത്തിവച്ചതോടെ യു എ ഇയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ അനാഥമാകുന്നു. പ്രിയപ്പെട്ടവർക്ക് ഒരു നോക്ക് കാണാൻ പോലും പറ്റാതെ പല മൃതദേഹങ്ങളും ഇവിടെ തന്നെ അടക്കം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്വന്തം കുടുംബത്തിന് വേണ്ടി നാടുവിട്ട് ജോലിക്കായി മറ്റ് രാജ്യങ്ങളിൽ എത്തുന്നവരാണ് മിക്ക പ്രവാസികളും. ഇതിൽ അൻപത് ശതമാനവും നാട്ടിലേക്ക് അവധിക്ക് പോകുന്നത് രണ്ട് വർഷം കൂടുമ്പോൾ മാത്രമാണ്.
പ്രവാസ ജീവിതത്തിനിടെ മരണം സംഭവിച്ചാൽ പ്രിയപ്പെട്ടവർക്ക് അവസാനമായി ഒന്നുകാണാൻ പെട്ടിക്കുള്ളിൽ വിമാനത്തിൽ എത്തുന്ന ജീവനറ്റ ശരീരം മാത്രമാണ് ലഭിക്കുക. പക്ഷെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിമാന സർവിസുകൾ റദ്ദാക്കിയത്തോടെ അന്ത്യകർമങ്ങൾക്കായി പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മൃതദേഹങ്ങൾ അയക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി 15ഓളം മൃതദേഹങ്ങൾ ദുബായ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാഹചര്യം കണക്കിലെടുത്ത് നാട്ടിലുള്ള കുടുംബത്തിന്റെ സമ്മതത്തോടെ മൃതദേഹങ്ങൾ ഇവിടെ തന്നെ മറവ് ചെയ്യുന്നു. വിമാന സർവീസുകളുടെ നിയന്ത്രണം മാറുന്നത് വരെ മോർച്ചറിയിൽ കാത്തുകിടക്കുന്ന മൃതദേഹങ്ങളുമുണ്ട്.