53 തവണ വിവാഹം ചെയ്തെന്ന അവകാശവാദവുമായി 63കാരൻ
53 തവണ വിവാഹം ചെയ്തെന്ന അവകാശവാദവുമായി സൗദി പരൻ. 63കാരനായ അബു അബുള്ളയാണ് ദേശീയ ടെലിവിഷൻ ചാനലായ എംബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇപ്രകാരം അവകാശവാദമുന്നയിച്ചത്. വ്യക്തിപരമായ ആനന്ദത്തിനു വേണ്ടിയല്ലെന്നും സമാധാനത്തിനു വേണ്ടിയാണ് ഇത്രയധികം വിവാഹം കഴിച്ചതെന്നും ഇയാൾ പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
20ആം വയസിൽ ആദ്യ വിവാഹം കഴിച്ചപ്പോൾ തനിക്ക് വീണ്ടും വിവാഹിതനാവാനുള്ള ആലോചനയില്ലായിരുന്നു എന്ന് ‘നൂറ്റാണ്ടിലെ ബഹുഭാര്യനെ’ന്നറിയപ്പെടുന്ന അബു അബ്ദുള്ള പറയുന്നു. തന്നെക്കാൾ 6 വയസ് കൂടുതലുള്ള സ്ത്രീ ആയിരുന്നു അത്. ആ വിവാഹത്തിൽ കുട്ടികളുണ്ടായി. എന്നാൽ, കുറച്ചുകാലം കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ ആരംഭിച്ചു. അങ്ങനെ തൻ്റെ 23ആം വയസിൽ രണ്ടാം വിവാഹം. ഇതോടെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടാവാൻ തുടങ്ങി. തുടർന്ന് മൂന്ന്, നാല് വിവാഹങ്ങൾ കൂടി കഴിച്ചു. പിന്നീട് ആദ്യ മൂന്ന് ഭാര്യമാരെ വിവാഹമോചനം ചെയ്തു. തന്നെ സന്തോഷിപ്പിക്കാൻ കഴിയുന്ന ഒരു ഭാര്യയ്ക്ക് വേണ്ടിയായിരുന്നു ശ്രമം. കൂടുതലും സൗദി വനിതകളെയാണ് വിവാഹം ചെയ്തത്. ബിസിനസ് ട്രിപ്പുകൾക്കായി വിദേശത്ത് പോകുമ്പോൾ അവിടെ മൂന്ന്, നാല് മാസമുണ്ടാവും. ആ സമയത്ത് അവിടെനിന്ന് വിവാഹം ചെയ്യും എന്നും അബു അബ്ദുള്ള പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.