Thursday, January 2, 2025
Gulf

ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റ് സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല; സൗദി

സൗദിയില്‍ ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റ് സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ നിയമവിധേയമായി ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് അധികൃതര്‍. ഹുറൂബ് കേസില്‍പ്പെട്ട ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ നിയമം അനുവദിക്കുന്നില്ല. നിയമവിധേയമായ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അപേക്ഷ നല്‍കേണ്ടത് മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ്.

ജോലിസ്ഥലത്ത് നിന്നും ഒളിച്ചോടിയ അതായത് ഹുറൂബ് കേസില്‍പ്പെട്ട വീട്ടു വേലക്കാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ കഴിയില്ലെന്ന് ഗാര്‍ഹിക തൊഴിലാളികള്‍ക്കായുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ജോലിസ്ഥലത്ത് നിന്നും ഒളിച്ചോടി മറ്റേതെങ്കിലും സ്ഥലത്തു ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഒളിച്ചോടിയവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റേതെങ്കിലും തൊഴിലുടമയിലേക്ക് മാറാന്‍ വ്യവസ്ഥയില്ല.

ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഒരു സ്‌പോണ്‍സറില്‍ നിന്നും മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറാന്‍ സൗകര്യമുണ്ട്. ഇതിനുള്ള പ്രധാനപ്പെട്ട വ്യവസ്ഥകളില്‍ ഒന്ന് തൊഴിലാളി ഹുറൂബ് കേസില്‍ പെടാന്‍ പാടില്ല എന്നാണ്. ഇതോടൊപ്പം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നോട്ട് വെക്കുന്ന മറ്റ് മാനദണ്ഡങ്ങളും പാലിക്കണം. മുസാനിദ് വെബ്‌സൈറ്റ് വഴിയാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ സൗകര്യമുള്ളത്.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ മന്ത്രാലയം അനുമതി നല്‍കിയത്. ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്കാണ് ജോലി മാറാനുള്ള സൗകര്യമുള്ളത്. സ്‌പോണ്‍സര്‍ഷിപ്പ് മാറാനുള്ള അപേക്ഷ സമര്‍പ്പിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഏതാണ്ട് 23 ദിവസമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *