Monday, January 6, 2025
Kerala

അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ്; കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന് മന്ത്രി

പെരുമ്പാവൂര്‍: സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് അവസരം നല്‍കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതിക്കു തുടക്കമായി. പെരുമ്പാവൂര്‍ ടൗണില്‍ ഗാന്ധി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി. ആര്‍ അനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷന്‍ റൈറ്റ് കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിന് ആവശ്യപ്പെടാന്‍ സാധിക്കും. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ കേന്ദ്ര പൊതുവിതരണ വകുപ്പുമന്ത്രിമാരുമായി മന്ത്രി ജി. ആര്‍. അനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ആധാര്‍ കൈവശമുള്ളവര്‍ക്കു മാത്രമാണ് സൗകര്യം ലഭിക്കൂ. എല്ലാ മാസത്തിലെയും ആദ്യദിവസം അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാന്‍ പ്രത്യേക ക്രമീകരണം ഒരുക്കും. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *