ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്
ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്. തീർഥാടകർ ഇന്നും നാളെയുമായി കർമങ്ങൾ അവസാനിപ്പിച്ച് മിനായിൽ നിന്നു മടങ്ങും.
ഹജ്ജ് കർമങ്ങൾ 6 ദിവസം നീണ്ടു നിൽക്കുമെങ്കിലും തീർഥാടകർക്ക് അഞ്ചാം ദിവസം തന്നെ കർമങ്ങൾ അവസാനിപ്പിക്കാനുള്ള അവസരമുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി തീർഥാടകരിൽ നല്ലൊരു ഭാഗവും ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള കല്ലേറ് കർമം പൂർത്തിയാക്കി മിനായിൽ നിന്നു മടങ്ങും. എന്നാൽ പുണ്യം പ്രതീക്ഷിച്ചും, സൗകര്യം കണക്കിലെടുത്തും സർവീസ് ഏജൻസിയുടെ നിര്‌ദേശങ്ങൾ പാലിച്ചും പല തീർഥാടകരും നാളത്തെ കല്ലേറ് കർമത്തോടെ മാത്രമേ ഹജ്ജ് കർമങ്ങൾ അവസാനിപ്പിക്കുകയുള്ളൂ. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പല തീർഥാടകരും നാളെ മാത്രമേ മിനായിൽ നിന്നു മടങ്ങുകയുള്ളൂ.
ഇന്നും, നാളെയും മിനായിലെ 3 ജംറകളിലും ഹജ്ജിമാർ കല്ലെറിയും. ജംറകളിലെ കല്ലേറ് കർമം പൂർത്തിയായാൽ പിന്നെ തീർഥാടകർക്ക് അവശേഷിക്കുന്ന കർമം വിശുദ്ധ കഅബയെ വലയം ചെയ്യുന്ന വിടവാങ്ങൽ ത്വവാഫ് മാത്രമാണു. മക്ക നഗരത്തോട് വിട പറയുമ്പോൾ മാത്രമാണ് ഇത് നിർവഹിക്കുന്നത്.