വീട്ടുകാരിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു; ദുബായിൽ വീട്ടുജോലിക്കാരിക്ക് തടവുശിക്ഷ
വീട്ടുകാരിയായ യുവതിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടുജോലിക്കാരിക്ക് വധശിക്ഷ. ദുബായിലാണ് സംഭവം. 32കാരിയായ വീട്ടുജോലിക്കാരിയാണ് വീടിൻ്റെ മുകൾ നിലയിൽ നിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. വീട്ടുകാരിയുടെ പരാതിയിൽ ആഫ്രിക്കൻ സ്വദേശിയായ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാസത്തെ ജയിൽവാസത്തിനു ശേഷം ഇവരെ നാടുകടത്തും.
ട്രയൽ പിരീഡിലായിരുന്ന വീട്ടുജോലിക്കാരിയെ വീട്ടുകാരി പിരിച്ചുവിട്ടിരുന്നു. ഭർത്താവ് തിരികെയെത്തുന്നതുവരെ മുറിയിൽ കാത്തിരിക്കണമെന്നും എത്തിയാൽ റിക്രൂട്ട്മെൻ്റ് ഏജൻസിയിലേക്ക് തിരികെ എത്തിക്കാമെന്നും ഇവർ പറഞ്ഞു. ജോലിക്കാരിക്ക് ഇത് ഇഷ്ടമായില്ല. അവർ യുവതിയോട് ദേഷ്യപ്പെട്ടു. ഭയന്ന വീട്ടുകാരി മക്കളെ ഇവർ ഉപദ്രവിക്കാതിരിക്കാൻ മുകൾ നിലയിലേക്ക് പോകാൻ ശ്രമിച്ചു. എന്നാൽ, വീട്ടുജോലിക്കാരി അവരെ വലിച്ചിഴച്ച് താഴേക്ക് കൊണ്ടുവന്നു. മുകൾ നിലയിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് സഹായത്തിനായി ആളെത്തിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്ന് വീട്ടുകാരി പറയുന്നു. ചോദ്യം ചെയ്യലിൽ വീട്ടുജോലിക്കാരി കുറ്റം സമ്മതിച്ചില്ലെങ്കിലും ഫൊറൻസിക് റിപ്പോർട്ടുകളും മെഡിക്കൽ റിപ്പോർട്ടുകളും മറ്റും പരിഗണിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റക്കാരിയാണെന്ന് തെളിയുകയായിരുന്നു.