കണ്ണൂരിൽ ഒന്നര വയസുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്ന കേസിൽ അച്ഛന്‍ ഷിജു പോലീസ് പിടിയിലായി
കണ്ണൂർ: ഒന്നര വയസുകാരിയായ മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അച്ഛൻ ഷിജു പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസമാണ് ഒന്നര വയസുകാരിയായ അൻവിത മരിച്ചത്. ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂർ എൽ.പി. സ്കൂൾ അധ്യാപികയുമായ സോന (25) യേയും മകൾ ഒന്നരവയസ്സുകാരി അൻവിതയേയും പാത്തിപ്പാലത്ത് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. സോനയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ചു.
തന്നെയും കുഞ്ഞിനേയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് സോന പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഷിജുവിനെ കാണാതായിരുന്നു. മട്ടന്നൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ആത്മഹത്യാശ്രമം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോറിറ്റി ഭാഗത്തെ പുഴയിൽ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കിൽ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് വ്യക്തമായിരുന്നു. ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്താണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.