Tuesday, April 15, 2025
Business

ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞു; കർഷകർ ആശങ്കയിൽ

സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ എലക്കായുടെ വിലയിടിഞ്ഞതോടെ ഏലത്തോട്ടങ്ങളിൽ കനത്ത ആശങ്ക നിറയുകയാണ്. രണ്ടുവർഷംമുമ്പ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നത് ഇപ്പോൾ 900 ലേക്ക് കുത്തനെ ഇടിഞ്ഞു. വിലത്തകർച്ച പരിഹരിക്കാൻ സ്‌പൈസസ് ബോർഡ് നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പുള്ള വിലയാണ് ഏലക്കായ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. ഏല കർഷകർ മാത്രമല്ല കച്ചവടക്കാരും പ്രതിസന്ധിയിലാണ്.
കേരളത്തിൽ നാൽപ്പതിനായിരം ഹെക്ടർ സ്ഥലത്ത് ഏലം കൃഷിയുണ്ടെന്നാണ് സ്‌പൈസസ് ബോർഡ് കണക്ക്. ഇതിൽ ഭൂരിഭാഗവും ഇടുക്കിയിൽ. ചെറുതും വലുതുമായ പതിനായിരക്കക്കിന് കർഷകരുമുണ്ട്. കൊവിഡിനെ തുടർന്ന് 2020 ൽ ഏലം കയറ്റുമതി 1850 ടണ്ണായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഉൽപ്പാദിപ്പിച്ച20570 ടണ്ണിൽ 6400 ടൺ മാത്രമാണ് കയറ്റി അയക്കാനായത്. ഉൽപ്പാദന ചെലവിന് ആനുപാതികമായി കിലോയ്ക്ക് 2000 രൂപയെങ്കിലും കിട്ടണം.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഏലച്ചെടികൾ വ്യാപകമായി നശിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു. കീടനാശിനികളുടെയും രാസ വളത്തിൻറെയും വില ഇരട്ടിയായി. തൊഴിലാളികളുടെ കൂലിയും കൂടി. ലേല കേന്ദ്രങ്ങൾ വിലയിടിക്കുന്നത് തടയാനും സ്‌പൈസസ് ബോർഡിന് ആകുന്നില്ല. വില ഉയർന്നു നിന്നപ്പോൾ നിരവധി കർഷകരാണ് തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. വായ്പയെടുത്തും മറ്റും കൃഷി ചെയ്തവർ കടത്തിലാണ്. പ്രശ്‌നത്തിൽ അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *