പരസ്യ ചിത്രങ്ങളിൽ തെലുങ്ക് താരങ്ങൾക്ക് വൻ ഡിമാൻഡ്; ബോളിവുഡ് താരങ്ങൾക്ക് വിലയിടിയുന്നു
ഇന്ത്യൻ പരസ്യ ചിത്ര രംഗം അടക്കി വാണിരുന്ന ബോളിവുഡ് എന്നത് പഴങ്കഥയാകുന്നു. ഇന്ന് മുൻനിര ബ്രാൻഡുകളെല്ലാം തെലുങ്ക് താരങ്ങൾക്ക് പിന്നാലെയാണ്. അല്ലു അർജുൻ, മഹേഷ് ബാബു, രശ്മിക മന്ദാന, സാമന്ത്, പ്രഭാസ്, വിജയ് ദേവരക്കൊണ്ട എന്നിങ്ങനെ ദക്ഷിണേന്ത്യൻ താര നിരയ്ക്കാണ് പരസ്യ ലോകത്ത് ഇന്ന് ഡിമാൻഡ്.
കൊക്കോ കോള, ഫ്രൂട്ടി, കിംഗ്ഫിഷർ, റെഡ്ബസ്, മക്ക്‌ഡോണൾഡ്‌സ്, ബോട്ട് എന്നീ മുൻനിര ബ്രാൻഡുകളിലെല്ലാം തെലുങ്ക് താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ബ്രാൻഡ് അംബാസിഡർമാരെ തെരഞ്ഞെടുക്കുമ്പോൾ കമ്പനികൾ ഒരിക്കലും ഇവരുടെ ജന്മദേശം നോക്കില്ലെന്നും താരമൂല്യമാണ് പരിഗണിക്കുകയെന്നും ടിഎഎം ആഡെക്‌സ് മീഡിയ റിസർച്ച് ചീഫ് എക്‌സിക്യൂട്ടിവ് എൽവി കൃഷ്ണൻ എക്കണോമിക് ടൈംസിനേട് പറഞ്ഞു.
കൊക്കോ കോളയുടെ അടുത്ത പരസ്യ ചിത്രത്തിൽ അല്ലു അർജുനാകും എത്തുക. അല്ലുവിന്റെ മുഖം തന്നെയാകും ഹിന്ദിയിലെ പരസ്യത്തിലും നൽകുകയെന്ന് കൊക്കൊ കോളയുടെ മാർക്കറ്റിംഗ് മേധാവി അർണബ് റോയ് പ്രതികരിച്ചു.
365 കോടി രൂപയാണ് അല്ലു അർജുന്റെ പുഷ്പ ബോക്‌സ് ഓഫിസിൽ നിന്ന് നേടിയത്. ഇതിന് പിന്നാലെ കോക്കോ കോള താരത്തെ വച്ച് ഒരു പരസ്യചിത്രം പുറത്തിറക്കിയിരുന്നു. ഈ ഗാനത്തിന് മാത്രം 30 മില്യൺ കാഴ്ച്ചക്കാരേയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.