ആർഎസ്എസുമായി എന്തുകാര്യമാണ് ജമാഅത്തെ ഇസ്ലാമി ചർച്ച ചെയ്തത്, വർഗീയതകൾ പരസ്പരം സന്ധി ചെയ്യുന്നു; മുഖ്യമന്ത്രി
ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംഘപരിവാറുമായി ചർച്ച ആവശ്യമെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം കാപട്യമാണെന്നും ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആർഎസ്എസിനെ പരിവർത്തനം ചെയ്തെടുക്കാനാകുമെന്ന യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാൻ കഴിയുമെന്നത് പോലെയാണ്.
ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നൽകിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ നടപടി ആർഎസ്എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ്. വർഗ്ഗീയതകൾ പരസ്പരം സന്ധി ചെയ്യുന്നുവെന്നതിന് തെളിവാണിത്. ജമാഅത്തെ ഇസ്ലാമിയുടേത് മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.