ജനാധിപത്യത്തിന് തുരങ്കം വയ്ക്കുന്ന പ്രവണത; ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്
രാജ്യത്തെ ബിബിസി ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി റെയ്ഡില്‍ ആശങ്ക പ്രകടിപ്പിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്നും ജനാധിപത്യത്തിന് തുരങ്കം വയ്ക്കുന്നതാണെന്നും എഡിറ്റേ്‌ഴ്‌സ് ഗില്‍ഡ് വിമര്‍ശിച്ചു.
‘ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ഉപദ്രവിക്കുന്നതും സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നത് ആശങ്കാജനകമാണ്. ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന പ്രവണതയാണിത്. മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ സംഘടനകളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാന്‍ ഇത്തരം എല്ലാ അന്വേഷണങ്ങളിലും അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം’. എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസമാണ് 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും ഇതിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനെ കുറിച്ചും ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത്. ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍ തന്നെ ഇന്ത്യയില്‍ ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ യൂട്യൂബിനോടും ട്വിറ്ററിനോടും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്ററിയെ നിശിതമായി വിമര്‍ശിച്ചു. ഈ വിവാദങ്ങള്‍ക്കിടയിലാണ് ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
ബിബിസിയുടെ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയില്‍ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.