Sunday, April 13, 2025
Kerala

മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ കർശന നടപടി; വകുപ്പുതല നടപടിയും ഉണ്ടാവുമെന്ന് മന്ത്രി

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ കർശന നടപടിയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. നിയമനടപടികൾക്കൊപ്പം ഇവർക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു. ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചത് ഗൗരവമുള്ള കാര്യമെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.

കൊച്ചി നഗരത്തിൽ നിയമലംഘനം നടത്തിയ 32 ബസുകൾ പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ ആണ് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ 4 പേർ സ്ക്കൂൾ ബസ് ഡ്രൈവർമാരും 2 പേർ കെഎസ്ആർടിസി ബസ് ഡ്രൈവർമാരുമാണ്. നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കാല് നിലത്തുറക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ്, വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളെ പൊലീസ് സുരക്ഷിതമായി സ്കൂളുകളിലെത്തിച്ചു. സ്കൂള്‍ അധികൃതരില്‍ നിന്നും പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്. നിയമ ലംഘനത്തിന് പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷനും പൊലീസ് ശിക്ഷയായി നല്‍കി.

സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികള്‍ മരിച്ചതോടെയാണ് കൊച്ചി നഗരത്തില്‍ വാഹന പരിശോധനയും നടപടികളും പൊലീസ് കര്‍ശനമാക്കിയത്. ഇനി ഒരാളുടെ ജീവൻ കൂടി നഷ്ടപെടാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതിയും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗതാഗത നിയ ലംഘനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതിപെടാനുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ പൊലീസ് തയ്യാറാക്കുന്നുണ്ട്. വൈകാതെ തന്നെ ഇത് എല്ലാ സ്വകാര്യ ബസുകളിലും പതിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *