പരവൂരിൽ ട്രെയിനിന് മുന്നിൽ ചാടി യുവതിയും ഒരു വയസുകാരനായ മകനും മരിച്ചു
കൊല്ലം പരവൂരിൽ ട്രെയിന് മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി. പരവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകൻ സൂരജ് എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് ശ്രീലക്ഷ്മിയും മകൻ സൂരജും മരിച്ചത്.
സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. മലപ്പുറത്ത് ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതിയും ഇന്ന് മരിച്ചു. തിരൂർ വെട്ടിച്ചിറ സ്വദേശിനി സഫാനയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
2020ലാണ് യുവതിയുടെ കല്യാണം കഴിഞ്ഞത്. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും, ഭർതൃമാതാവും നിരന്തരം പീഡിപ്പിക്കാറുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിൻ്റെ ആരോപണം. നിരവധി തവണ സ്ത്രീധനത്തിന്റെ പേരിൽ വഴക്കുണ്ടാക്കി. മകൾ പലതവണ വീട്ടിൽ വന്നു നിന്നതായി കുടുംബം ആരോപിക്കുന്നു. തുടർന്ന് കഴിഞ്ഞ ദിവസം യുവതി ബന്ധുവിനോട് കുട്ടിയെ നന്നായി നോക്കണമെന്ന് ഫോണിൽ വിളിച്ച് പറഞ്ഞ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.