പിറന്നത് ഗോൾ മഴ; അൽ ഹിലാലിനെ വീഴ്ത്തി ക്ലബ് ലോകകപ്പ് കിരീടം റയലിന്
ക്ലബ് ലോകകപ്പ് റയൽ മാഡ്രിഡിന്. ഫൈനലിൽ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തിയാണ് റയലിൻ്റെ കിരീടനേട്ടം. ഇത് അഞ്ചാം തവണയാണ് റയൽ ക്ലബ് ലോകകപ്പിൽ മുത്തമിടുന്നത്. വിനീഷ്യസ് ജൂനിയർ, ഫെഡറിക്കോ വാൽവെർദെ എന്നിവർ ഇരട്ടഗോളുകളുകളുമായി തിളങ്ങിയപ്പോൾ കരീം ബെൻസേമയാണ് ശേഷിക്കുന്ന ഒരു ഗോൾ നേടിയത്. ഹിലാലിനായി ലുസിയാനോ വിയെറ്റോ ഇരട്ട ഗോളുകൾ നേടി. മൗസ മരേഗയാണ് അൽ ഹിലാലിൻ്റെ മൂന്നാം ഗോൾ നേടിയത്.
റയലിൻ്റെ ആധിപത്യം കണ്ട മത്സരത്തിൻ്റെ 13ആം മിനിട്ടിൽ തന്നെ അവർ മുന്നിലെത്തി. വിനീഷ്യസ് ആണ് ആദ്യ വെടിപൊട്ടിച്ചത്. 18ആം മിനിട്ടിൽ വാൽവെർദെ ലീഡ് ഇരട്ടിയാക്കി. 26ആം മിനിട്ടിൽ അൽ ഹിലാൽ മരേഗയിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. ആദ്യ പകുതി 2-1ന് അവസാനിച്ചു. 54ആം മിനിട്ടിൽ ബെൻസേമയുടെ ഗോളോടെ റയൽ ലീഡ് വർധിപ്പിച്ചു. 58ആം മിനിട്ടിൽ വെൽവെർദെ തൻ്റെ രണ്ടാം ഗോൾ നേടിയതോടെ റയൽ കിരീടം ഉറപ്പിച്ചു. എന്നാൽ, അനായാസം കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന അൽ ഹിലാൽ 63ആം മിനിട്ടിൽ വിയെറ്റോയിലൂടെ വീണ്ടും റയൽ ഗോൾവല ചലിപ്പിച്ചു. 69ആം മിനിട്ടിൽ വിനീഷ്യസ് റയലിനായി രണ്ടാം ഗോൾ നേടി. 79ആം മിനിട്ടിൽ വിയെറ്റോ തൻ്റെ രണ്ടാം ഗോൾ നേടിയെങ്കിലും ജയം അകന്നുനിന്നു.