Saturday, October 19, 2024
Kerala

ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണമില്ല; എല്ലാം മാധ്യമസൃഷ്ടിയെന്ന് എം വി ഗോവിന്ദന്‍

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. റിസോര്‍ട്ട് വിവാദത്തില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ആന്തൂരിലെ വൈദീകം റിസോര്‍ട്ട് നിര്‍മാണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നായിരുന്നു ഉയര്‍ന്ന വാദം. പി ജയരാജനാണ് റിസോര്‍ട്ട് വിവാദം എം വി ജയരാജന് നേരെ ഉയര്‍ത്തിവിട്ടത്. റിസോര്‍ട്ട് വിവാദത്തിലും പി ജയരാജന്റെ ആരോപണങ്ങള്‍ ചോര്‍ന്നതിലും പാര്‍ട്ടി അന്വേഷണം നടത്തുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വാക്‌പോരുണ്ടായെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ സിപിഐഎം നേതൃത്വം നിലവില്‍ പൂര്‍ണമായും തള്ളുകയാണ്.

വിവാദം ഉയര്‍ത്തിവിട്ടതും ചര്‍ച്ചയുണ്ടെന്ന് പറയുന്നതും ചര്‍ച്ചകള്‍ നടത്തുന്നതും മാധ്യമങ്ങള്‍ മാത്രമാണെന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ അന്വേഷണകമ്മീഷനെ നിയമിച്ചു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ പാര്‍ട്ടിക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും കമ്മീഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും സിപിഐഎം വൃത്തങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Leave a Reply

Your email address will not be published.