വാണി ജയറാമിന്റെ മരണ കാരണം ‘തലയിലേറ്റ മുറിവ്’; മറ്റ് സംശയങ്ങൾ ഇല്ലെന്ന് പൊലീസ്
ഗായിക വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിക്കുകയായിരുന്നു. മറ്റ് സംശയങ്ങൾ ഒന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. മുറിയിൽ തറയിൽ കിടക്കുന്ന തരത്തിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വീട്ടുജോലിക്കാരിയായ യുവതി രാവിലെ ജോലിക്കുവന്നപ്പോൾ ബെല്ലടിച്ചിട്ടും ഫോണ്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതായതിനെ തുടര്‍ന്ന് അയല്‍വാസികളെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു.
അതേസമയം അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.
ഇന്നലെ രാവിലെ പത്തരയോടെയാണ് വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കം ഹാഡോസ് റോഡിലുള്ള ഫ്ലാറ്റിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി ഫ്ലാറ്റിലെത്തിച്ച ഭൗതികശരീരത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി, ഗായികമാരായ കെ എസ് ചിത്ര, സുജാത തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെത്തി അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സംസ്കാരച്ചടങ്ങിൽ കേരള മുഖ്യമന്ത്രിക്കു വേണ്ടി പുഷ്പചക്രം സമർപ്പിക്കാൻ നോർക്ക റൂട്ട്സ് പ്രതിനിധിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.