സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച പൊലീസുകാരന് സസ്പെൻഷൻ
സ്ത്രീക്കെതിരായ അതിക്രമ കേസിൽ പ്രതിയായ പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കാഞ്ഞങ്ങാട് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനാണ് സസ്പെൻഷൻ ലഭിച്ചത്. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ടി.വി പ്രദീപനെയാണ് സർവീസിൽ നിന്ന് പുറത്താക്കിയത്.
വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച കേസിൽ ഹോസ്ദുർഗ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദീപിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. കണ്ണൂർ റൂറൽ ഹെഡ്ക്വാർട്ടേഴ്സിലെ സീനിയർ സിപിഒയായിരുന്നു ടി.വി.പ്രദീപ്. വെള്ളിയാഴ്ച വൈകിട്ട് 6.40ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയും ഈ പൊലീസുകാരനും തമ്മിൽ അഞ്ച് കൊല്ലം മുൻപുതന്നെ പരിചയമുണ്ട്. പ്രദീപ്, കാഞ്ഞങ്ങാട് ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയത്തിലായത്. കൊവിഡ് സമയത്ത് സ്ത്രീക്ക് പ്രദീപ് 80,000 രൂപ കടം നൽകിയിരുന്നു. ആ പണം തിരികെ ചോദിച്ചാണ് പ്രദീപ് യുവതിയെ ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ശല്യപ്പെടുത്തുകയും കസേരയുൾപ്പെടെയുള്ളവ നശിപ്പിക്കുകയുമായിരുന്നു.