ഭക്ഷണത്തിൽ തേരട്ട; പറവൂരിലെ ഹോട്ടൽ പൂട്ടിച്ചു
ഭക്ഷണത്തിൽ തേരട്ടയെ കണ്ടതിനെ തുടർന്ന് പറവൂരിൽ മറ്റൊരു ഹോട്ടൽ കൂടി പൂട്ടി. നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വസന്ത വിഹാർ ആണ് മുനിസിപ്പൽ ആരോഗ്യ വിഭാഗം ഇടപെട്ട് പൂട്ടിച്ചത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മാഞ്ഞാലി തേലത്തുരുത്തിൽ നിന്നു ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് ദുരനുഭവം. മസാല ദോശ കഴിച്ചു കൊണ്ടിരിക്കെ മസാലയിലാണ് ചത്ത തേരട്ടയെ കണ്ടത്. ഈ സമയത്തും ഹോട്ടലിൽ നല്ല തിരക്കായിരുന്നു. കുടുംബം പരാതി പറഞ്ഞതിനെ തുടർന്ന് ഹോട്ടലടച്ചു.
പിന്നീട് നഗരസഭ ജെഎച്ച്‌ഐ ധന്യയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗമെത്തി ഹോട്ടലിൽ പരിശോധന നടത്തി. അടുക്കളയും മറ്റും വൃത്തിഹീനമെന്ന് കണ്ടെത്തി അടച്ചിടാൻ നിർദ്ദേശം നൽകുകയായിരുന്നു.