മർദനത്തിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് പ്രതികൾ കൂടി പിടിയിൽ
കൊല്ലം: കൊല്ലം ആയൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി സ്വദേശി ആൻസൻ, ആയൂർ സ്വദേശികളായ നൗഫൽ, ഫൈസൽ എന്നിവരെയാണ് കൊട്ടാരക്കരയിൽ വച്ച് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ മലപ്പേരൂർ സ്വദേശി മോനിഷനെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതോടെ കേസിലെ പ്രതികളെല്ലാം അറസ്റ്റിലായി. ആത്മഹത്യ പ്രേരണാക്കുറ്റം, പോക്സോ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ 19 നാണ് ഗൃഹനാഥനെ വീടിന് പിന്നിലുള്ള ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങി വന്ന മകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് നാലംഗ മദ്യപ സംഘം ഗൃഹനാഥനെ മര്‍ദ്ദിച്ചെന്നും ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. മർദ്ദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു.
പൊലീസിൽ കേസ് നൽകാനും പരാതിപ്പെടാനും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മർദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാൻ അജയകുമാർ തയ്യാറായില്ല. പിറ്റേന്ന് രാത്രിയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് സ്ഥലം വാങ്ങി വീടുവെച്ച് കഴിയുകയായിരുന്നു അജയകുമാറിന്റെ കുടുംബം. മർദ്ദനമേറ്റതിന് ശേഷം അജയകുമാർ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ലെന്നും ഭക്ഷണമൊന്നും കഴിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും ഭാര്യ പറഞ്ഞു.
ശരീരത്തിലാകെ പരിക്കേറ്റ നിലയിലാണ് അന്ന് അജയകുമാർ വീട്ടിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങാൻ പോലും കൂട്ടാക്കിയിരുന്നില്ല. പിറ്റേ ദിവസം വൈകിട്ട് പുറത്തേക്ക് പോയി തിരിച്ച് വന്നശേഷമാണ് ജീവനൊടുക്കിയതെന്നും ഭാര്യ പറഞ്ഞു. മര്‍ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെയാണ് വീടിന് പിന്നിലെ ഷെഡിൽ അജയകുമാറിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.