Friday, January 10, 2025
Kerala

സാധാരണ സമരങ്ങളിൽ കാണുന്ന നാശനഷ്ടങ്ങളാണ് ഉണ്ടായത്; ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

യൂത്ത് ലീഗ് സമരത്തെ സർക്കാർ കൈകാര്യം ചെയ്‌ത രീതി അപലപനീയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാരിന്റെ അസഹിഷ്ണുതയാണ് പി കെ ഫിറോസിന്റെ അറസ്റ്റിൽ പ്രകടമാകുന്നത്. സാധാരണ സമരങ്ങളിൽ മാത്രം കാണുന്ന നാശനഷ്ടങ്ങളാണ് ഉണ്ടായത്.

അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാര്‍ച്ചിനെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലിലടക്കുകയും ചെയ്തു. അവര്‍ക്കെതിരെയെല്ലാം ഇല്ലാക്കഥകള്‍ ഉണ്ടാക്കിയാണ് കേസെടുത്തത്.

സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ ഇനിയും ഉച്ചത്തില്‍ സംസാരിക്കുകയും വേണ്ടിവന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യും. ജനാധിപത്യത്തെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്നോര്‍മിക്കണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *