കേന്ദ്ര ബജറ്റ് ഒരുക്കം; സമ്പൂർണ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി
അവസാന സമ്പൂർണ്ണ ബജറ്റിന് മുന്നോടിയായി സമ്പൂർണ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. മന്ത്രിമാരുടെ പ്രവർത്തനം മെച്ചെപ്പെടുത്തുന്നതും സർക്കാർ പദ്ധതികൾ കൂടുതൽ സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളാകും പ്രധാനമന്ത്രി മന്ത്രിമാർക്ക് മുന്നിൽ വയ്ക്കുക. എറെവൈകാതെ കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഉണ്ടാകും എന്നതിന്റെ സൂചന കൂടിയാണ് ഇത്.
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാകും നിർമ്മലാ സീതാരാമൻ പുതിയ പാർലമെന്റ് മന്ദിരത്തിൽ ഫെബ്രുവരി ഒന്നിന് അവതരിപ്പിയ്ക്കുക. അടിസ്ഥാന മേഖലയിലെ ക്ഷേമ പദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുന്നില്ല എന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും. ഒപ്പം ദാരിദ്ര്യ നിർമ്മാർജനം, തൊഴിലില്ലായ്മ, കർഷകക്ഷേമം തുടങ്ങിയ വിഭാഗങ്ങളിലും ബജറ്റ് വ്യത്യസ്ത നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കും. ആദായ നികുതി പരിധി ഉയർത്തുന്നതടക്കം ഇടത്തരക്കാരെ ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങൾക്കും സാധ്യത ഉണ്ട്.
ഈ സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സമ്പൂർണ മന്ത്രിസഭാ യോഗം. വരുന്ന മാസങ്ങളിൽ നിശ്ചിത ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി മന്ത്രിമാരുടെ പ്രവർത്തനം നിജപ്പെടുത്താനും വിലയിരുത്താനുമുള്ള തീരുമാനം പ്രധാനമന്ത്രി മന്ത്രിമാരെ അറിയിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ പുന:സംഘടന നടത്താനുള്ള സൂചന കൂടിയാണ് സമ്പൂർണ മന്ത്രിസഭാ യോഗം നല്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ നീളും എന്ന് കരുതിയ പുന:സംഘടന നേരത്തെ നടക്കാനാണ് സാധ്യത. ജി-20 സമ്മേളനം ഈ വർഷാവസാനം നടക്കുന്ന സാഹചര്യത്തിൽ മന്ത്രിസഭാ പുന:സംഘടന വൈകിക്കേണ്ടെന്ന അഭിപ്രായം പാർട്ടി ഉന്നത നേതൃത്വത്തിന് ഉണ്ട്.