Thursday, January 23, 2025
Kerala

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന : സിബിഐയെ പ്രതിരോധത്തിലാക്കി കോടതി, പ്രതികൾക്ക് മുൻ‌കൂർ ജാമ്യം

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ആറ് പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിബി മാത്യൂസ് ഉൾപ്പെടെ ആറ് പ്രതികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ മാസം 27 ന് പ്രതികൾ സിബിഐയ്ക്ക് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

ഗൂഢാലോചന കേസ് എന്ന രീതിയിൽ സിബിഐ ഉയർത്തിക്കൊണ്ടുവന്ന കേസിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസിയ്ക്ക് കഴിഞ്ഞില്ല എന്ന നിരീക്ഷണം കോടതി രേഖപ്പെടുത്തി.

ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യ സ്വായത്തമാക്കാതിരിക്കാൻ വിദേശ ശക്തികൾ ഇടപെട്ടു. അതിന് വേണ്ടി അവർക്കൊപ്പം നിന്ന് പ്രതികൾ ഈ ഗൂഢാലോചനയിൽ പങ്കെടുത്തു എന്നതായിരുന്നു സിബിഐയുടെ കേസ്. എന്നാൽ അത്തരം അന്താരാഷ്ട്ര ശക്തികളുടെ ഇടപെൽ ഈ കേസിനു പിന്നിൽ ഉണ്ടെന്ന സിബിഐയുടെ വാദത്തിന് അടിത്തറ പാകുന്നതിനായുള്ള ഒരു തെളിവ് പോലും സമർപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്ന ജസ്റ്റിസ് കെ ബാബു വിടി പ്രസ്താവനയിൽ സൂചിപ്പിച്ചു.

കോടതിയിലെത്തിയ തെളിവുകൾ പ്രകാരം ഗൂഢാലോചന തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ല എന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, ഈ മുൻ‌കൂർ അപേക്ഷയുടെ വാദത്തിന്മേൽ മാത്രമാണ് തന്റെ ഉത്തരവിലെ പരാമർശങ്ങൾക്ക് പ്രസക്തി എന്ന് ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അവസാനം പരാമർശിച്ചിട്ടുണ്ട്. കേസിന്റെ അസ്തിത്വത്തെ തന്നെ തകർക്കുന്ന നിരീക്ഷണങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നതിനാൽ തന്നെ എഫ്ഐആർ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതികൾക്ക് മേൽക്കോടതിയെ സമീപിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *