Sunday, April 13, 2025
Kerala

പോപ്പുലർ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ സ്ഥലം ജപ്തി ചെയ്തു

പോപ്പുലർ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫിന്റെ സ്ഥലം ജപ്തി ചെയ്തു. പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്ഥലമാണ് ജപ്തി ചെയ്തത്.

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്തു തുടങ്ങിയിരുന്നു. മിന്നൽ ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാനാണ് ജപ്തി. ജപ്തി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജപ്തി നടപടികൾക്ക് സർക്കാർ ഉത്തരവിറക്കിയത്.

പാലക്കാട് ജില്ലയിൽ 16 പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്തു. പട്ടാമ്പിയിൽ അഞ്ച് പേരുടെ സ്ഥലവും ജപ്തി ചെയ്തു. കോട്ടയം ജില്ലയിൽ കണ്ടു കെട്ടിയത് 5 പേരുടെ സ്വത്തുക്കളാണ്. മീനച്ചിൽ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജിൽ 3 പേരുടെ സ്വത്തുക്കളും, കാഞ്ഞിരപ്പള്ളി , ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെ സ്വത്തുക്കളും കണ്ടു കെട്ടി.

ഇടുക്കിയിലും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടി. തൊടുപുഴ, ഉടുമ്പഞ്ചോല, ദേവികുളം തലൂക്കുകളിലായി ആറു പേരുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. കാസർഗോട്ട് പിഎഫ്‌ഐ നേതാക്കളായ നങ്ങാറത്ത് സിറാജുദീൻ, മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്ന സി.ടി സുലൈമാൻ, ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി അബ്ദുൽ സലാം, ആലമ്പാടി സ്വദേശി ഉമ്മർ ഫാറൂഖ് എന്നിവരുടെ സ്വത്തു വകകൾ കണ്ടുകെട്ടി.

കോഴിക്കോട് ജില്ലയിൽ ജപ്തി നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 16 പേർക്ക് നോട്ടിസ് നൽകി. കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലായി 23 വ്യക്തികളുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടാനുള്ളത്.

പോപ്പുലർഫ്രണ്ട് മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരത്തുകയായ 5.2 കോടി രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനാലാണ് ജപ്തി നടപടികൾക്ക് ഹൈക്കോടതി നിർദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ടർമാർക്ക് ലാന്റ് റവന്യൂ കമ്മിഷണർ മുൻനേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നിർദേശം നൽകിയത്.

വിവിധ ജില്ലകളിൽ ജപ്തി നടപടികൾ തുടരുകയാണ്. പി എഫ് ഐ ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടു കെട്ടിയിരുന്നു. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. കുന്നംകുളം താലൂക്ക് പരിധിയിലെ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും ആണ് ജപ്തി ചെയ്തത്. സംസ്ഥാന നേതാക്കളായ യഹിയ കോയ തങ്ങൾ, പികെ ഉസ്മാൻ എന്നിവരടക്കമുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇതിൽ വീടും സ്ഥലവും ഉൾപ്പെടും. വയനാട് ജില്ലയിൽ 14 ഇടങ്ങളിലായി നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചു.

പത്തനംതിട്ട ആനപ്പാറ സ്വദേശി സാദിഖ്, നിസാർ എന്നിവരുടെയും, കോന്നി കുമ്മണ്ണൂർ സ്വദേശി സബീറിന്റെയും സ്വത്തുക്കളും ജപ്തി ചെയ്തിട്ടുണ്ട്. എറണാകുളത്ത് മുഹമ്മദ് കാസിം, അബ്ദുൽ ലത്തീഫ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. പിഎഫ്‌ഐ ആസ്ഥാനമായിരുന്ന ആലുവയിലെ പെരിയാർ വാലിയിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പ് നൽകിയ പട്ടികയനുസരിച്ചാണ് ജപ്തി നടപടികൾ തുടരുന്നത്. നാളെ വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ജപ്തി നടപടികൾ സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് ലാന്റ് റവന്യൂ കമ്മീഷണർ ടി വി അനുപമയുടെ നിർദേശം. മറ്റ് ജില്ലകളിലും ജപ്തി നടപടി പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *