കഞ്ച വാല കൊലപാതകം; അഞ്ജലിയെ വലിച്ചിഴച്ച വാഹനം കണ്ടെത്താനാകാതെ പൊലീസ്
കഞ്ച വാല കൊലപാതക കേസില്‍ ആഭ്യന്തര റിപ്പോര്‍ട്ട് പുറത്ത്. 9 പൊലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ശ്രമിച്ചിട്ടും അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസിന്റെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്ന് രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴേ, വാഹനത്തിന് താഴെ മൃതദേഹം തടഞ്ഞിരിക്കുന്നതായി കാറില്‍ ഉണ്ടായിരുന്ന യുവാക്കള്‍ക്ക് മനസ്സിലായിരുന്നു എന്നും മൃതദേഹം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ആണ് പിന്നീട് നടന്നത് എന്നുമാണ് റിപ്പോര്‍ട്ട്.
മൃതദേഹം ഒഴിവാക്കുന്നതിനു വേണ്ടിയാണ് തുടര്‍ച്ചയായി നാലു തവണ കാര്‍ യൂ ടെണ്‍ എടുത്തത് എന്നാണ് പൊലീസിന്റെ സംശയം. അതേസമയം അപകട ശേഷം അഞ്ജലിയുടെ സുഹൃത്ത്, നിധി വീട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിധി പൊലീസിനെ വിവരം അറിയിക്കാത്തതില്‍ മറ്റെന്തോ ദുരൂഹതയുണ്ടെന്നാണ് സംശയം. നിധിയുടെ നീക്കങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
പുതുവത്സര ദിനത്തില്‍ ഡല്‍ഹിയിലെ കഞ്ചവാല മേഖലയിലായിരുന്നു കേസിനാസ്പദമായ സംഭവം. 4 കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ട അഞ്ജലി എന്ന യുവതി അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ യാത്രികരായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂട്ടര്‍ യാത്രികയായ യുവതിയെ കാറിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാറിന്റെ ചക്രത്തിനിടയില്‍ യുവതിയുടെ കാല്‍ കുടുങ്ങി. ഇതാണ് യുവതി വലിച്ചിഴയ്ക്കപ്പെടാന്‍ കാരണമായത്.
നിര്‍ത്താതെ പോയ കാര്‍ ഏകദേശം നാല് കിലോമീറ്ററുകളോളം ഇത്തരത്തില്‍ സഞ്ചരിച്ചതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത്. യുവതിയുടെ വസ്ത്രങ്ങളെല്ലാം കാര്‍ വലിച്ചിഴയ്ക്കുന്നതിനിടെ ഉരിഞ്ഞുപോയിരുന്നു. കാലുകള്‍ ഒടിഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുവതിയുടെ കഴുത്തിന് പിറകില്‍ പുറം ഭാഗത്തെ തൊലി മുഴുവന്‍ അപകടത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ യുവതിയുടെ മൃതദേഹം ഡല്‍ഹി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കേസിലെ അഞ്ച് പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനാല്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.