പുതിയ നികുതിവർധനയില്ല; രണ്ടുകോടിവരെയുള്ള നികുതിവെട്ടിപ്പ് ക്രിമിനൽ കുറ്റമല്ലാതാവും
ചരക്കു സേവന നികുതിയിൽ കേരളത്തിന്റെ എതിർപ്പ് ഫലം കണ്ടു. ചരക്കു സേവന നികുതി നിയമത്തിനുകീഴിൽ ക്രിമിനൽ കുറ്റങ്ങളിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനുള്ള പരിധി ഒരുകോടിയിൽനിന്ന് രണ്ടുകോടിയാക്കാൻ ജി.എസ്.ടി. കൗൺസിൽ യോഗം തീരുമാനിച്ചു. എന്നാൽ, വ്യാജ ഇൻവോയ്സുമായി ബന്ധപ്പെട്ട കേസുകളിലെ നടപടികൾക്ക് ഒരുകോടി രൂപയെന്ന പരിധി തുടരും.
ഔദ്യോഗിക കൃത്യനിർവഹണം തടയൽ, തെളിവുനശിപ്പിക്കൽ, വിവരം നൽകാതിരിക്കൽ എന്നിവയെ ക്രിമിനൽ കുറ്റകൃത്യ പരിധിയിൽനിന്ന് ഒഴിവാക്കി. മാറ്റങ്ങൾ അടുത്ത സാമ്പത്തികവർഷം കേന്ദ്രത്തിന്റെ ധനബില്ലിൽ ഉൾപ്പെടുത്തും. സംസ്ഥാനങ്ങളും നിയമനിർമാണം നടത്തും. ഫലത്തിൽ ഇതു നടപ്പാകാൻ സമയമെടുക്കുമെന്നും റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര പറഞ്ഞു.
വ്യാജ ഇൻവോയ്സുകളും ബില്ലുകളും സംബന്ധിച്ച കുറ്റങ്ങൾ വർധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേരളവും തമിഴ്‌നാടുമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളും പ്രോസിക്യൂഷൻ പരിധി രണ്ടുകോടിയാക്കുന്നതിനെ എതിർത്തു. തുടർന്നാണ് വ്യാജ ഇൻവോയ്‌സ് കേസുകൾക്ക് നിലവിലെ പരിധി നിലനിർത്താൻ തീരുമാനിച്ചത്.
മാത്രമല്ല രജിസ്റ്റർ ചെയ്യാത്ത ചെറുകിട വ്യാപാരികൾക്കും ഇ-കൊമേഴ്‌സ് വഴി സംസ്ഥാനത്തിനകത്ത് സാധനങ്ങൾ വിൽക്കാൻ അനുമതിനൽകുന്ന നിയമഭേദഗതി അംഗീകരിച്ചു. ഒക്ടോബർ ഒന്നുമുതൽ ഇതു നടപ്പാവും. തീരുമാനത്തെ വ്യാപാരികളുടെ ദേശീയ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി.) സ്വാഗതം ചെയ്തു.