പി.വി.ശ്രീനിജിന്റെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സാബു എം.ജേക്കബിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
പി.വി.ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ പ്രതികളുടെ അറസ്റ്റ് കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം പ്രകാരം തനിക്കെതിരെ എടുത്ത കേസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഇക്കഴിഞ്ഞ കർഷകദിനത്തിൽ ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിയിൽ താൻ പങ്കെടുത്തിരുന്നില്ലെന്നാണ് സാബു ജേക്കബിന്റെ വാദം.
അതേസമയം, എംഎൽഎയെ അധിക്ഷേപിച്ച കേസിൽ സാബു എം.ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ വിലക്കിയിരുന്നു. മറ്റ് പ്രതികളുടെയും അറസ്റ്റ് വിലക്കിയിട്ടുണ്ട്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ബദറുദ്ദീൻ നേരത്തേ പിന്മാറിയിരുന്നു.
എംഎൽഎയുടെ പരാതിയിൽ സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി, പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവൻ നടത്തിയ കർഷക ദിനത്തിൽ ഉദ്ഘാടകനായി എത്തിയ എംഎൽഎയെ ജാതീയമായി അപമാനിച്ചു എന്നായിരുന്നു പരാതി. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം.ജേക്കബ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും, സംഭവദിവസം സ്ഥലത്തുപോലും ഉണ്ടായിരുന്നില്ലെന്നുമാണ് സാബു എം.ജേക്കബിന്റെ വാദം.
പി.വി.ശ്രീനിജിൻ എംഎൽഎയുമായുള്ളത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമാണെന്നും സാബു ജേക്കബ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എംഎൽഎയുടെ പരാതിയിൽ സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കാർഷിക ദിനാചരണത്തിൽ ഉദ്ഘാടകനായി എത്തിയ എംഎൽഎയെ ജാതീയമായി അപമാനിച്ചു എന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ആണ് രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ കേസിൽ ആകെ ആറ് പ്രതികൾ ആണ് ഉള്ളത്.