Friday, April 18, 2025
Sports

ആധികാരികം ബ്രസീൽ; ഇനി ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ

അട്ടിമറികളുമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ച ഏഷ്യൻ കരുത്ത് കൊറിയയെ 4 ​ഗോളിൽ മുക്കി ബ്രസീലിന്റെ മിന്നും വിജയം. ആദ്യ പകുതിയിലെ ദയനീയ പ്രകടനത്തിന് ശേഷം രണ്ടാം പകുതിയിൽ ബ്രസീലിനെതിരെ ഒരു ​ഗോൾ മടക്കിയെങ്കിലും വിജയിക്കാൻ കൊറിയയ്ക്ക് അത് പോരായിരുന്നു. കളിയുടെ 76ാം മിനിറ്റിൽ പാലിക്ക് സേ ഉങ് ആണ് കൊറിയയ്ക്കായി ​ഗോൾ നേടിയത്. കോർണറിൽ നിന്ന് തുറന്നെടുത്ത അവസരമാണ് ബ്രസീൽ പ്രതിരോധ നിരയെ മറികടന്ന് ബോക്സിന് പുറത്തുനിന്നുള്ള ​തകർപ്പൻ ഷോട്ടിലൂടെ ​ഗോളായി മാറിയത്. ക്രൊയേഷ്യ ആയിരിക്കും ബ്രസീലിന്റെ ക്വാർട്ടറിലെ എതിരാളികൾ.

കൊറിയൻ കരുത്തിനെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ 4 ​ഗോളുകളടിച്ച് ബ്രസീൽ പ്രതിരോധത്തിലാക്കിയിരുന്നു. വിനീഷ്യസും നൈമറും റിച്ചാർലിസനും പെക്വുറ്റയുമാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് വിനീഷ്യസ് ​ഗോൾ നേടിയത്. പതിനൊന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നൈമറും ​ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ 28ാം മിനിറ്റിലാണ് റിച്ചാർലിസന്റെ ​ഗോൾ പിറന്നത്. 36ാം മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്നുമാണ് പെക്വുറ്റ ​ഗോൾ നേടിയത്. ഈ ലോകകപ്പിലെ റിച്ചാർലിസന്റെ മൂന്നാം ​ഗോളാണിത്.

പരുക്കിൽ നിന്ന് മുക്തനായ നെയ്മറിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പരിശീലകൻ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മടങ്ങി വരവ് ​ഗംഭീരമാക്കാൻ നെയ്മറിനായി. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ നേരിട്ട ബ്രസീൽ ടീമിൽ നെയ്മർ തിരിച്ചെത്തിയത് ആരാധകർക്കും ആവേശമായി. പരുക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന ഡനീലോയും ആദ്യ ഇലവനിലുണ്ടായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ബ്രസീൽ വിജയിക്കാനുറച്ച പോരാട്ടം തന്നെയാണ് കാഴ്ച്ച വെച്ചത്. നാല് ​ഗോൾ വഴങ്ങിയതിന് ശേഷമാണ് കളിയുടെ 76ാം മിനിറ്റിൽ കൊറിയ ഒരു ​ഗോൾ മടക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *