പിണറായി മുഖ്യമന്ത്രിയായില്ലായിരുന്നെങ്കിൽ ഗെയിൽ പൈപ്പ് ലൈനും നാഷണൽ ഹൈവേ വികസനവും നടക്കില്ലായിരുന്നു; കെ.ടി ജലീൽ
പിണറായി വിജയൻ മുഖ്യമന്ത്രിയായില്ലായിരുന്നെങ്കിൽ ഗെയിൽ പൈപ്പ് ലൈനും നാഷണൽ ഹൈവേ വികസനവും നടക്കില്ലായിരുന്നുവെന്ന് കെ.ടി ജലീൽ എം.എൽ.എ. വിവാദങ്ങൾ വികസനം മുടക്കുന്നോ എന്ന വിഷയത്തിലെ ട്വന്റിഫോർ ജനകീയ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ഹൈവേ വികസനം പിണറായി സർക്കാർ വന്നത് കൊണ്ടുമാത്രമാണ് നടന്നത്. സിയാൽ എയർ പോർട്ടിന്റെ കാരണക്കാരൻ കരുണാകരനാണ്. ഇതൊക്കെ ചില ഭരണകർത്താക്കളുടെ കഴിവ് കൊണ്ട് സംഭവിച്ചതാണ്. വിഴിഞ്ഞം പദ്ധതിയെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളോട് കമ്മിറ്റ്മെന്റ് ഉണ്ട്. അവരെ മാറ്റി നിർത്തി ചില ബാഹ്യശക്തികൾ വികസന വിരുദ്ധ ചേരിയുടെ നേതൃത്വം ഏറ്റെടുക്കുകയാണ്.
വികസന വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും പുനർ ചിന്തനം നടത്തണം. പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർക്കുന്നതും ഭരണത്തിലെത്തുമ്പോൾ അനുകൂലിക്കുന്നതുമായ പ്രവണത ഒഴിവാക്കണം. കെ റെയിൽ ഇന്നല്ലങ്കിൽ നാളെ വരും. വികസനത്തിൽ പ്രതിപക്ഷം പിന്തുണച്ചാൽ അതിനെ ജനങ്ങൾ അനുകൂലിക്കുകയേ ഉള്ളൂ. വികസന കാഴ്ച്ചപ്പാടിൽ പ്രതിപക്ഷം സ്ഥായിയായ മാറ്റത്തിന് വിധേയമാകണം. വിഴിഞ്ഞത്ത് 75 ശതമാനം പ്രവൃത്തി പൂർത്തിയായിടത്ത് ഇനി പദ്ധതി നടക്കില്ല എന്ന് പറയാൻ ഇപ്പോൾ എന്ത് ബോധോദയമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.