Wednesday, April 16, 2025
National

ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസ് നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്

ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസ് നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്. രണ്ടര മണിക്കൂറില്‍ താഴെയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്താനുള്ള നീക്കത്തിന് യൂറോപ്യന്‍ കമ്മീഷന്‍ അംഗീകാരം നല്‍കി. വെള്ളിയാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തെ 2021ലെ കാലാവസ്ഥാ നിയമത്തിന്റെ ഭാഗമാണയാണ് പുതിയ മാറ്റങ്ങള്‍. ചെറിയ യാത്രകള്‍ക്ക് സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയും ഫ്രാന്‍സ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്.

ഊര്‍ജ പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും നേരിടാന്‍ ജനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍, അതിസമ്പന്നരുടെ സ്വകാര്യ വിമാന ഉപയോഗങ്ങള്‍ ഇനി അനുവദിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി ക്ലെമന്റ് ബ്യൂണ്‍ പറഞ്ഞു. ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിലൂടെ പരിസ്ഥിതിക്ക് ഹാനികരമായ മലിനീകരണം കുറയ്ക്കാനാകുമെന്ന വിലയിരുത്തലിലാണ് ഫ്രാന്‍സ്. തുടക്കത്തില്‍ പാരീസ് ഓര്‍ലിക്കും നാന്റസ്, ലിയോണ്‍, ബോര്‍ഡോ എന്നിവയ്ക്കുമിടയിലുള്ള റൂട്ടുകളെ മാത്രമേ നിരോധനം ബാധിക്കുകയുള്ളൂ. കണക്ടിങ് ഫ്‌ളൈറ്റുകള്‍ക്കും പുതിയ നിയമം ബാധകമാകും.

ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തലാക്കാനുള്ള നടപടി ആദ്യം പ്രഖ്യാപിച്ചപ്പോള്‍, യൂണിയന്‍ ഓഫ് ഫ്രഞ്ച് എയര്‍പോര്‍ട്ട്‌സും എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ യൂറോപ്യന്‍ ശാഖയും എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ ഒരു അംഗരാജ്യം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെന്ന് യൂറോപ്യന്‍ എയര്‍ സര്‍വീസസ് റെഗുലേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹ്രസ്വദൂര വിമാനങ്ങള്‍ക്കുള്ള നിരോധനം മൂന്ന് വര്‍ഷത്തേക്ക് സാധുവായിരിക്കും. മൂന്ന് വര്‍ഷത്തിന് ശേഷം തീരുമാനം കമ്മീഷന്‍ വീണ്ടും വിലയിരുത്തണം. മലിനീകരണം കുറയ്ക്കുന്നതിലുള്ള സുപ്രധാന ചുവടുവയ്പ്പാണ് തീരുമാനമെന്നും ഗതാഗതമന്ത്രി ചൂണ്ടിക്കാട്ടി. തീരുമാനം പൊതുജനാഭിപ്രായത്തിനായി വിടുമെന്നും കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് അവലോനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും ബ്യൂണ്‍ പറഞ്ഞു. വ്യോമയാന ഡാറ്റ അനുസരിച്ച് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ജെറ്റുകള്‍ ഉള്ള രാജ്യമാണ് ഫ്രാന്‍സ്.

Leave a Reply

Your email address will not be published. Required fields are marked *