ജഡ്ജിമാരുടെ നിയമനം; കൊളീജിയം ശുപാര്‍ശ ചെയ്ത 20 പേരുകള്‍ മടക്കി സര്‍ക്കാര്‍
രാജ്യത്ത് ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള ശീത സമരം രൂക്ഷമാകുന്നു. കൊളീജിയം ശുപാര്‍ശ ചെയ്ത 20 പേരുകള്‍ സര്‍ക്കാര്‍ മടക്കി. ശുപാര്‍ശകളില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചുകൊണ്ടാണ് ഫയലുകള്‍ സര്‍ക്കാര്‍ മടക്കിയത്. മടക്കിയ 20 പേരുകളില്‍ 11 പേരുകള്‍ പുതിയ നിര്‍ദേശവും 9 എണ്ണം മുന്‍ നിര്‍ദേശങ്ങളുമാണ്.
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സമീപനത്തില്‍ ഇന്നലെ ശക്തമായ വിമര്‍ശനം സുപ്രിം കോടതി ഉന്നയിച്ചിരുന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ നിരാശയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. നിയമന നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സമയവും ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഒക എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) നിയമം പാസാക്കാത്തതില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ടെന്ന് കരുതുന്നുവെന്നും എന്നാല്‍ അത് നിയമം അനുസരിക്കാതിരിക്കാന്‍ കാരണമാവില്ലെന്നും ജസ്റ്റിസ് കൗള്‍ നിരീക്ഷിച്ചു.