അനുവദിച്ച തസ്തികകള്‍ മാത്രമേയുള്ളൂ, അധികമായി ഒരാളെ പോലും നിയമിച്ചില്ല’; വിശദീകരണവുമായി രാജ്ഭവന്‍
ഇരുപത് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി രാജ്ഭവന്‍. അനുവദനീയമായതില്‍ കൂടുതലായി ഒരാള്‍ പോലും ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലില്ലെന്നാണ് രാജ്ഭവന്റെ വിശദീകരണം. മുന്‍കാലങ്ങളില്‍ അനുവദിച്ച തസ്തികകള്‍ മാത്രമേ രാജ്ഭവനിലുള്ളൂവെന്നും രാജ്ഭവന്‍ വിശദീകരിച്ചിട്ടുണ്ട്.
ഫോട്ടോഗ്രാഫര്‍ നിയമനം പുതിയ തസ്തിക സൃഷ്ടിക്കാനല്ലെന്ന് രാജ്ഭവന്‍ വിശദീകരിച്ചു. 23 വര്‍ഷം രാജ്ഭവനില്‍ ജോലി ചെയ്യുന്നയാളെ സ്ഥിരപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. ഗവര്‍ണറുടെ സ്റ്റാഫിന് പെന്‍ഷനില്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു.
താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. രാജ്ഭവനിലെ താത്ക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന് ഉള്‍പ്പെടെ ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നുണ്ട്. ഫെബ്രുവരി 17നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.