Friday, January 10, 2025
Kerala

വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി

വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി. പ്രശ്നപരിഹാരത്തിന് ഇടപെടൽ തേടി സിപിഐഎം ജില്ലാ നേതൃത്വത്തെ കണ്ട സമരസമിതി ആവശ്യങ്ങളിൽ കടുംപിടുത്തം ഒഴിവാക്കാൻ തയ്യാറാണെന്ന് അറിയിച്ചു. മന്ത്രിസഭാ ഉപസമിതിക്ക് മുന്നിൽ വച്ച കടുത്ത നിലപാടിലും അയവ് വരുത്തി കത്ത് നൽകി.

സമരം അനന്തമായി നീണ്ടുപോകുന്നത് അവസാനിപ്പിക്കുക എന്നതാണ് ഈ ഘട്ടത്തിൽ സമരസമിതിയും കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ഈ നിലപാടുകളിൽ അയവ് വരുത്തി സിപിഐഎമിൻ്റെ ഇടപെടൽ തേടുന്നത്. കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ, കോവളം ഏരിയ സെക്രട്ടറി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മന്ത്രിയുടെ വസതിയിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് അനുനയത്തിനൊരുക്കമാണെന്ന കൃത്യമായ വിവരങ്ങൾ കത്തായി തന്നെ രേഖാമൂലം മന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിനും നൽകിയത്.

തമിഴ്നാടിന്റെ മാതൃകയിൽ മണ്ണെണ്ണ സബ്സിഡി വേണം എന്നുള്ളതായിരുന്നു ഇവരുടെ ആവശ്യങ്ങളിലൊന്ന്. എന്നാൽ, ഇപ്പോൾ കൊടുക്കുന്ന ഇരുപത്തിയഞ്ച് രൂപയിൽ നിന്ന് പത്ത് രൂപ വർധിപ്പിച്ച് മുപ്പത്തി അഞ്ച് രൂപ സബ്സിഡി നൽകണം എന്നതാണ് പുതിയ ആവശ്യം. മറ്റൊന്ന്, കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ദിനങ്ങളിൽ അഞ്ഞൂറ് രൂപയെങ്കിലും മിനിമം കൂലി നൽകണം എന്നുള്ളതായിരുന്നു. അതിന് പകരം ഇരുന്നൂറ് രൂപ നൽകണമെന്നാണ് പുതിയ ആവശ്യം. ഇങ്ങനെ ആറ് ആവശ്യങ്ങൾ നിവർത്തിച്ച് തന്നാൽ ഏഴാമത്തെ പ്രധാന ആവശ്യമായ തുറമുഖ നിർമ്മാണത്തിന്റെ കാര്യം ആലോചിക്കാം എന്ന കാര്യം കൂടി മുന്നോട്ട് വച്ചിട്ടുണ്ട്. ഏതായാലും ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *