കത്ത് വിവാദം; മേയറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് നിർദേശം നൽകി. തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനൻ മേൽനോട്ടം നൽകും. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
എസ് എ ടി വിഷയത്തിൽ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താനാണെന്ന് സമ്മതിച്ച് ഡി.ആർ അനിൽ രംഗത്തുവന്നിരുന്നു . എസ് എ ടി വിഷയത്തിൽ താൻ എഴുതിയ കത്താണ് പുറത്തുവന്നത്. എന്നാൽ കത്ത് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നൽകിയിട്ടില്ല. കത്ത് പുറത്തുവന്നതിൽ അന്വേഷണം വേണം. പാർലമെന്ററി പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നൽകിയത്. എസ് എ ടി നിയമനങ്ങൾ ഇപ്പോഴും നികത്തിയിട്ടില്ലെന്നും മേയറുടെ കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇതിനിടെ മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം നടത്തിയ യുവമോർച്ചയ്ക്ക് പിന്തുണയായി കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ രംഗത്തുവന്നിരുന്നു. കെട്ടിടത്തിനു പുറത്തുവന്ന് പ്രതിഷേധിച്ച ഇവർ തിരികെ കയറാൻ ശ്രമിക്കുമ്പോൾ ഈ വാതിൽ അടച്ചുപൂട്ടി. ഇതിനു പിന്നാലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ് സലീമിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് ഇരു വിഭാഗത്തെയും കൗൺസിലർമാർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്.