Thursday, January 9, 2025
National

കൂട്ടുകാരുമായി ഒളിച്ചുകളിക്കിടെ ലിഫ്റ്റിൽ കുടുങ്ങി; 16കാരിക്ക് ദാരുണാന്ത്യം

കൂട്ടുകാരുമായി ഒളിച്ചുകളി കളിക്കുന്നതിനിടെ 16കാരി ലിഫ്റ്റിൽകുടുങ്ങി മരിച്ചു. മുംബൈയിലെ മാൻഖഡിലാണ് സംഭവം. രേഷ്മ ഖരാവി എന്ന പെൺകുട്ടിയാണ് മരിച്ചത്. മുത്തശ്ശിയുടെ വീട്ടിൽ കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്നു രേഷ്മ. ഒളിച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെ, രേഷ്മ മുത്തശ്ശി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റിലെ ജനൽ പോലുള്ള ദ്വാരത്തിലൂടെ തലയിട്ട് നോക്കി. തല അവിടെ കുടുങ്ങി അപകടം സംഭവിക്കുകയായിരുന്നു. ആ സമയത്ത് ലിഫ്റ്റ് താഴേക്ക് വന്നതാണ് അപകടത്തിന് കാരണം.

ഹൗസിംഗ് സൊസൈറ്റിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരമൊരു അപകടം വരുത്തിവച്ചതെന്ന് രേഷ്മയുടെ കുടുംബം ആരോപിച്ചു. ഇത്തരത്തിൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ ഹൗസിങ് സൊസൈറ്റി അധികൃതർ ആ ദ്വാരം ഗ്ലാസ് കൊണ്ട് അടയ്ക്കണമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കുടുംബാംഗങ്ങൾ പരാതി നൽകുകയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഹൗസിംഗ് സൊസൈറ്റി ചെയർമാനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്തതായി മാൻഖഡ് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ, രാജ്യത്തുടനീളം പല നഗരങ്ങളിൽ നിന്നും ലിഫ്റ്റുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ചുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 26 ന് തെക്കുകിഴക്കൻ ദില്ലിയിലെ ജയ്ത്പൂർ പ്രദേശത്ത് കെട്ടിടത്തിന്റെ ലിഫ്റ്റ് മറിഞ്ഞ് 44 കാരനായ ഒരാൾ മരിക്കുകയും മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലിഫ്റ്റിന് കേടുപാടുകൾ സംഭവിച്ചതായി പിന്നീട് കണ്ടെത്തി. യന്ത്രങ്ങളുടെ പെട്ടെന്നുള്ള തകരാർ മൂലമാണ് അപകടമുണ്ടായതെന്നും അന്ന് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *