Thursday, January 23, 2025
Kerala

അഭിഭാഷക സമരത്തിൽ ഹൈക്കോടതി സ്തംഭിച്ചു; എൽദോസ് കേസിൽ അഭിഭാഷകരെ പ്രതി ചേർത്തതിൽ പ്രതിഷേധം

കൊച്ചി: ഹൈക്കോടതിയിൽ അഭിഭാഷകരുടെ സമരം. കോടതി നടപടികൾ അഭിഭാഷകർ ബഹിഷ്കരിച്ചതോടെ ഹൈക്കോടതിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് കോടതി ബഹിഷ്കരിച്ചുള്ള സമരം. അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചു ചേർത്താണ് അഭിഭാഷകർ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചത്. രാവിലെ കോടതി ചേർന്ന സമയത്ത് അഭിഭാഷകരാരും ഹാജരായില്ല. തുടർന്ന് ഇന്ന് പരിഗണിക്കേണ്ട കേസുകളെല്ലാം മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണ്. 

പരാതിക്കാരിയെ മർദ്ദിച്ചതിന്റെ പേരിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വ‌ഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഭിഭാഷകരേയും പ്രതി ചേർത്തിരുന്നു. അഡ്വ. അലക്സ്, അഡ്വ. സുധീർ , അഡ്വ. ജോസ് എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്. അഭിഭാഷകരുടെ ഓഫീസിൽ വച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്നും ഇതിനിടെ എൽദോസ് മർദ്ദിച്ചുവെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി. ഈ മൊഴി അടിസ്ഥാനമാക്കി സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങള്‍ വഞ്ചിയൂർ പൊലീസ് എൽദോസിനെതിരെ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് അഭിഭാഷകരേയും കേസിൽ പ്രതി ചേർത്തത്. 

അതേസമയം ഇത് കള്ളക്കേസാണെന്നും ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച ശേഷമാണ് പുതിയ കേസെടുത്തത് എന്നും അഭിഭാഷകർ ആരോപിച്ചിരുന്നു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും അഭിഭാഷകർക്കെതിരെ പരാതിയില്ല. എൽദോസിന്‍റെ വക്കാലത്തുള്ളതിലാണ് പരാതിക്കാരിയുമായി സംസാരിച്ചതെന്നും അഡ്വ. സുധീർ വ്യക്തമാക്കിയിരുന്നു. 
 

Leave a Reply

Your email address will not be published. Required fields are marked *