പെൺകുട്ടി മഫ്തയുടെ പിൻ വിഴുങ്ങി; അന്നനാളത്തിൽ കുടുങ്ങിയ പിൻ പുറത്തെടുത്തത് സങ്കീർണ ശസ്ത്രക്രിയയിലൂടെ
മഫ്തയുടെ പിൻ വിഴുങ്ങിയ പെൺകുട്ടിയെ വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് പിൻ പുറത്തെടുത്തത്. പേരാമ്പ്ര സ്വദേശിനിയായ പതിനെട്ടുകാരിയാണ് അബദ്ധത്തിൽ മഫ്തയിലെ പിൻ വിഴുങ്ങിയത്. തുടർന്ന് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.
പല തവണ എക്സ്റേ പരിശോധന നടത്തിയെങ്കിലും പിൻ എവിടെയാണെന്ന് കണ്ടെത്താനായില്ലായിരുന്നു. അന്നനാളത്തിലാണ് പിൻ കുടുങ്ങിയതെന്ന നിഗമനത്തിൽ ഡോക്ടർമാർ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ അഭിപ്രായം തേടി.
പിന്നീട് റേഡിയോളജി വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ശ്വാസകോശത്തിലാണ് പിൻ തറച്ചത് എന്ന് കണ്ടെത്തി. തുടർന്ന് നെഞ്ചുരോഗാശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷം തൊറാസിക് സർജറി വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപിയിലൂടെ പിൻ പുറത്ത് എടുക്കുകയായിരുന്നു.