ഇസ്ലാമിക നിയമത്തിനെതിര്; അഫ്ഗാനിസ്താനിൽ ഹുക്ക നിരോധിച്ച് താലിബാൻ
അഫ്ഗാനിസ്താനിൽ ഹുക്ക നിരോധിച്ച് താലിബാൻ സർക്കാർ. ഷീഷ എന്നറിയപ്പെടുന്ന ഹുക്ക ലഹരിവസ്തുവാണെന്നും ഇത് ഇസ്ലാമിക നിയമത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലാണ് നിലവിൽ ഹുക്ക നിരോധിച്ചിരിക്കുന്നത്. നിയമം രാജ്യം മുഴുവൻ നടപ്പാക്കുമോ എന്നതിൽ വ്യക്തതയില്ല.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കുന്നതാണ് പുതിയ തീരുമാനം. തകർച്ച നേരിടുന്ന സാമ്പത്തിക രംഗം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിരോധനത്തിനു പിന്നാലെ ഹെറാത്ത് പ്രവിശ്യയിലെ നിരവധി ഷീഷ കഫേകൾ അടച്ചുപൂട്ടി. വലിയൊരു വിഭാഗം സാധാരണക്കാരുടെ വരുമാനവും ഇതോടെ വഴിമുട്ടി. ഹുക്ക സൗകര്യമുള്ള റെസ്റ്ററൻ്റുകളിൽ ആൾത്തിരക്ക് കുറഞ്ഞതോടെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയുമുണ്ട്. ഹുക്ക നിരോധനത്തെത്തുടർന്ന് ഹെറാത്ത് പ്രവിശ്യയിൽ മാത്രം ഏതാണ്ട് 2,500 പേർക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.