ഡൽഹി നഗരത്തിൽ ശൈത്യകാലത്ത് വായു മലിനീകരണം കുറയുന്നതായി പഠന റിപ്പോർട്ട്
കോവിഡിന് മുമ്പുള്ള സമയത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ 20 ശതമാനം കുറവുണ്ടായതായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ). നഗരത്തിലെ 81 എയർ ക്വാളിറ്റി പരിശോധനാ കേന്ദ്രങ്ങളിലെ ഡേറ്റ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2015 ജനുവരി 1 മുതൽ 7 വർഷത്തെ വായുനിലവാരം പരിശോധിച്ചതിൽ നിന്നാണ് നഗരത്തിന് ആശ്വാസമാകുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
കോവിഡിനു മുൻപ്, ഒക്ടോബർ 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സമയത്തെ പിഎം 2.5ന്റെ നില 180–190 എന്നാണു ശരാശരി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കോവിഡ് സമയത്തിനു ശേഷം ഇതു 150–160 എന്ന നിലയിലേക്കു താഴ്ന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2020–21നെക്കാൾ മെച്ചപ്പെട്ടതായിരുന്നു 2021–22 വർഷത്തെ ശൈത്യകാലം എന്നും ഈ കാലയളവിൽ വായു മലിനീകരണം കുറവായിരുന്നുവെന്നും ദേശീയ തലസ്ഥാന മേഖലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും സമാന സ്ഥിതിയാണു രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നിരുന്നാലും, ദീപാവലി അടുത്തിരിക്കെ, പടക്കം കത്തിക്കുന്നതും മറ്റും കാരണം മലിനീകരണ തോത് വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നുവരുന്നുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രവും ഡൽഹി സർക്കാരും.