എൽദോസ് കുന്നപ്പിള്ളില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും; ജാമ്യം ലഭിച്ചതിന് പിന്നാലെ പുതിയ കേസ്
ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ 9 മണിക്ക് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എംഎൽഎ എത്തുക. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എൽദോക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നുമുതൽ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാണ് എൽദോസിന് മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നൽകിയിട്ടുള്ള നിർദേശം. ആവശ്യമെങ്കിൽ എല്ലാ ദിവസവും ഹാജരാകണം. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഉണ്ടാവുകയും വേണം. ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ നടക്കും.