Saturday, October 19, 2024
National

‘ഗാംഗുലി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല’; പ്രധാനമന്ത്രിയോട് മമത

മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലിയെ പിന്തുണച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗാംഗുലിയെ ഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. ഗാംഗുലി ഒരു ജനപ്രിയ വ്യക്തിയാണെന്നും അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

വടക്കൻ ബംഗാൾ പര്യടനത്തിന് മുന്നോടിയായി കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സൗരവ് ഗാംഗുലി ഇന്ത്യയുടെ അഭിമാനമാണ്. കാര്യക്ഷമതയുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. എന്നാൽ അമിത് ഷായുടെ മകൻ ബിസിസിഐയിൽ തുടരുന്നുണ്ടെങ്കിലും ഗാംഗുലിയെ ഒഴിവാക്കി. ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നതായും മമത പറഞ്ഞു.

വിഷയത്തിൽ രാഷ്ട്രീയമായി തീരുമാനങ്ങൾ എടുക്കരുതെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സുവേന്ദു അധികാരി മമതയ്ക്ക് മറുപടിയുമായി എത്തി. സൗരവ് ഗാംഗുലിയുടെ കാലാവധി നീട്ടാൻ മമത ബാനർജി ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തെ പശ്ചിമ ബംഗാളിന്റെ ബ്രാൻഡ് അംബാസഡറാക്കണമായിരുന്നുവെന്നും അദ്ദേഹം തിരിച്ചടിച്ചു.

“കളിയെ രാഷ്ട്രീയവത്കരിക്കരുത്. പ്രധാനമന്ത്രി മോദി ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ദാദയ്ക്ക് ഇത്രയധികം നന്മ വേണം എങ്കിൽ ഷാരൂഖ് ഖാനെ മാറ്റി സൗരവ് ഗാംഗുലിയെ പശ്ചിമ ബംഗാളിന്റെ ബ്രാൻഡ് അംബാസഡറാക്കുക” – സുവേന്ദു അധികാരി പറഞ്ഞു.

Leave a Reply

Your email address will not be published.