Tuesday, April 15, 2025
National

കേരളത്തിൽ നിന്ന് 100ന് മുകളിൽ വോട്ട് കിട്ടും; ശശി തരൂർ

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 100ന് മുകളിൽ വോട്ട് കിട്ടുമെന്നും കേരളത്തിൽ 90 ശതമാനം നേതാക്കളെ മാത്രമാണ് കാണാനായതെന്നും ശശി തരൂർ. തിരുവനന്തപുരത്തിന്റെ പ്രതിനിധിയായി വോട്ട് ചെയ്യാൻ വേണ്ടിയാണ് തലസ്ഥാനത്ത് എത്തിയത്. 16 ദിവസം പ്രചാരണം നന്നായി നടന്നു. കെ. സുധാകരന്റെ പരാമർശത്തിന് മറുപടിയായി 46 വർഷം പ്രവർത്തിച്ച ഒരു ട്രെയിനി എന്ത് ചെയ്യാൻ എന്നായിരുന്നു തരൂരിന്റെ പ്രതികരണം. സുധാകരന്റെ പരാമർശത്തിൽ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ സംസ്ഥാനത്തും പ്രചാരണം ഫ്രീ ആൻഡ് ഫെയർ ആയിരുന്നില്ല. നേതാക്കൾ ഒരാൾക്ക് വേണ്ടി വോട്ട് ചോദിച്ചത് ശരിയായില്ലെന്നും ചിലർ അങ്ങനെ ചെയ്തുവെന്നും അദ്ദേഹം വിമർശിച്ചു. ഖാർഗെയ്ക്കു വേണ്ടി മാത്രം ചില സംസ്ഥാനങ്ങൾ പ്രവർത്തിച്ചു. നേതാക്കൾ പലരും കണാൻ കൂട്ടാക്കിയിട്ടില്ല. എൽദോസ് കുന്നപ്പിള്ളിയോട് സംസാരിച്ചിട്ടില്ലെന്നും വോട്ട് ചെയ്യാൻ വരുമോയെന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് മങ്കരയിൽ ശശി തരൂരിനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. മങ്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് വെച്ചത്. ശശി തരൂർ വരട്ടെ കോൺഗ്രസ് ജയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകം.

ഡൽഹിയിലും പ്രദേശ് കോൺഗ്രസ് സമിതി ആസ്ഥാനങ്ങളിലുമാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നെഹ്‌റു കുടുംബത്തിന്റെ പരോക്ഷ പിന്തുണ ഉള്ള മല്ലികാർജുൻ ഖാർഗേ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് മദുസൂധനൻ മിസ്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *