സംസ്ഥാനത്ത് കനത്ത പോളിങ്; ഉച്ച വരെ 40 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി
സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. 1 മണി വരെ 43 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃശൂരും കോഴിക്കോടുമാണ് കൂടുതല്‍ പോളിംഗ്.
വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി പി എമ്മുകാരുടെ മർദ്ദനമേറ്റു. പാനൂർ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മർദ്ദനമേറ്റത്.
തലശേരി പാറാൽ ഡി.ഐ.എ കോളജ് പ്രൊഫസറാണ് മുഹമ്മദ് അഷ്റഫ്.റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് നിർത്തിവച്ചു.
പത്തനംതിട്ട ചുട്ടിപ്പാറയിൽ പോളിങ് ബൂത്തിൽ സി.പി.എം- കോൺഗ്രസ് കയ്യാങ്കളി ഉണ്ടായി. പാർട്ടി കൊടിയുമായി ബൂത്തിൽ വോട്ട് കാൻവാസ് ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആരോപണം.