മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ കെ.സുന്ദരയ്ക്ക് സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിൽ ജോലി; വിവാദം
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ കെ.സുന്ദരയ്ക്ക് സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിൽ ജോലി നൽകിയത് വിവാദമാകുന്നു. കെ.സുന്ദരയുടെ വെളിപ്പെടുത്തൽ ഘട്ടത്തിൽ സിപിഐഎം വാഗ്ദാനം ചെയ്ത ജോലിയാണ് ഇപ്പോൾ നൽകിയതെന്നാണ് ബിജെപിയുടെ ആരോപണം. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം.
കാസർഗോഡ് നാലാംമൈലിൽ സിപിഐഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇ.കെ നായനാർ സ്മാരക സഹകരണ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരൻറെ ജോലിയിലാണ് കെ.സുന്ദര പ്രവേശിച്ചത്. സിപിഐഎം നേതൃത്വത്തിൻറെ അറിവില്ലാതെ ജോലി നൽകില്ലെന്നാണ് ബിജെപിയുടെ ആരോപണം. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ സുന്ദര നടത്തിയ വെളിപ്പെടുത്തലിന് സിപിഐഎം നൽകിയ പ്രത്യുപകാരമാണ് ജോലിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ആരോപിച്ചു
കേസിൽ കുറ്റപത്രം ഉൾപ്പടെ സമർപ്പിക്കാനിരിക്കെ ജോലി വിവാദം രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. എന്നാൽ വിഷയത്തിൽ സിപിഐഎം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല