ഐഎസ്എല്‍: പടയൊരുക്കം തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്, ടീമിനെ പ്രഖ്യാപിച്ചു; ആറ് മലയാളികള്‍ ടീമില്‍
കൊച്ചി:വെള്ളിയാഴ്ച തുടങ്ങുന്ന ഐഎസ്എല്ലിന്‍റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍. 26 അംഗ ടീമില്‍ ആറു പേരാണ് മലയാളി താരങ്ങളായി ഉള്ളത്. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ് എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍. ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ്, അപ്പൊസ്‌തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യന്‍ താരം. കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങളെ ടീം നിലനിര്‍ത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യമത്സരം. സീസണിലെ ഉദ്ഘാടന മത്സരവുമാണിത്. ഇവാന്‍ വുകോമനോവിച്ചിന്‍റെ പരിശീലനത്തിലാണ് ടീം ഇറങ്ങുന്നത്. ട്രാന്‍സ്ഫര്‍ സീസണ് മുമ്പ് തന്നെ പ്രമുഖ താരങ്ങളുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടിയത് ടീമിന്‍റെ പ്രധാന താരനിരയെ കോട്ടമില്ലാതെ നിലനിര്‍ത്താന്‍ ക്ലബ്ബിനെ സഹായിച്ചിട്ടുണ്ട്.