‘ആശുപത്രി കത്തിച്ചുകളയും’; മുകേഷ് അംബാനി കുടുംബത്തിന് നേരെ വധഭീഷണി
മുംബൈ: മുംബൈയിൽ മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സർ എച്ച്എൻ ഫൗണ്ടേഷൻ ആശുപത്രിക്ക് നേരെ അജ്ഞാതന്റെ ഭീഷണി സന്ദേശം. ബുധനാഴ്ചയാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺവിളി വന്നത്. ആശുപത്രി കത്തിച്ചു കളയുമെന്നായിരുന്നു ഭീഷണി. മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങൾക്ക് നേരെ വധഭീഷണിയും ഉണ്ടായിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.57 ആയപ്പോഴാണ് റിലയൻസ് ആശുപത്രിയിലെ ലാൻഡ്ലൈൻ നമ്പറിലേക്ക് വിളി വന്നത്. ഭീഷണി സന്ദേശത്തെത്തുടർന്ന് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 15നും അംബാനി കുടുംബത്തിന് നേരെ വധഭീഷണി ഉണ്ടായിരുന്നു. ഇതേപോലെ തന്നെ ആശുപത്രിയിലെ ലാൻഡ് ലൈൻ നമ്പറിലേക്കാണ് അന്നും ഭീഷണി വന്നത്. എട്ട് ഫോൺവിളികളാണ് അന്ന് ഉണ്ടായത്. ഫോൺവിളി ട്രേസ് ചെയ്ത് പൊലീസ് അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു.
ഇന്നത്തെ ഭീഷണി സന്ദേശം പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.57ന് സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ലാൻഡ്ലൈൻ നമ്പറിലേക്ക് ഭീഷണി സന്ദേശം വന്നു. ആശുപത്രി കത്തിച്ചു തകർക്കുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തി. അംബാനി കുടുംബത്തിലെ ചിലർക്കെതിരായും ഭീഷണി പുറപ്പെടുവിച്ചു. മുംബൈ പൊലീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.