Friday, January 24, 2025
Kerala

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത്; ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് പൗരനെ പൊലീസ് അറസ്റ്റിൽ. ബംഗ്ലാദേശ് ചിറ്റഗോഗ് സ്വദേശി മുഹമ്മദ് അബ്ദുൾ ഷുക്കൂർ (32)നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്. മംഗലാപുരം വിമാനത്താവളത്തിൽ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അബ്ദുൾ ഷുക്കൂറിൽ നിന്ന് വ്യാജ പാസ്പോർട്ട്, പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് രേഖകൾ എന്നിവ കണ്ടെടുത്തു. കഴിഞ്ഞ 27 ന് നെടുമ്പാശേരി വിമാനത്താവളം വഴി വ്യാജ രേഖകളുമായി ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച 4 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരാണെന്ന വ്യാജേനയാണ് ഇവർ പോകാൻ ശ്രമിച്ചത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ രേഖകൾ തയ്യാറാക്കി നൽകുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.

സംഘത്തിലെ പ്രധാന ഏജന്‍റായ അബ്ദുൾ ഷുക്കൂർ മംഗലാപുരം വിമാനത്താവളം വഴി രണ്ട് പേരെ വിദേശത്തേക്ക് കടത്താൻ കൊണ്ടുവരുന്ന വഴിയാണ് പൊലീസ് പിടികൂടിയത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടുവന്ന് പാസ്പോർട്ട് ഉൾപടെയുള്ള രേഖകൾ തയാറാക്കി നൽകി മനുഷ്യക്കടത്ത് നടത്തുകയാണ് ഇയാൾ ചെയ്യുന്നത്. ഡിവൈഎസ്പി വി.രാജീവ്, എസ്ഐ ടി.എം.സൂഫി, എഎസ്ഐ സി.ഡി.സാബു, എസ്‌സിപിഒ ലിജോ ജേക്കബ്‌ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *