Wednesday, April 16, 2025
National

മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന് ഹര്‍ജി, കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

ദില്ലി: മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. കേന്ദ്രസർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടതി നോട്ടീസയച്ചത്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം. മതപരമായ ചിഹ്നം ഉപയോഗിച്ച് വോട്ട് തേടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദൾ തുടങ്ങിയ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വിയാണ് കോടതിയെ സമീപിച്ചത്. 

ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരോ ചിഹ്നമോ ഉപയോഗിച്ച് വോട്ട് തേടാന്‍ പാടില്ല, ഇത് രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാണെന്നും, രണ്ട് പാർട്ടികളും ഈ നിയമം ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഹർജിയില്‍ പറയുന്നു. ജസ്റ്റിസ് എം ആർ ഷാ , ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയില്‍ പറയുന്ന പാർട്ടികൾക്ക് കേസില്‍ കക്ഷി ചേരാനും കോടതി അനുമതി നല്‍കി. കേസ് ഇനി ഒക്ടോബർ 18ന് പരിഗണിക്കും. 
 

Leave a Reply

Your email address will not be published. Required fields are marked *