Thursday, January 23, 2025
National

സിനിമാ നിർമ്മാതാവിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ തിരുകിയ നിലയിൽ, സ്ത്രീകളെ എത്തിച്ചുനൽകിയിരുന്നയാൾ പിടിയിൽ

ചെന്നൈ: വ്യവസായിയും സിനിമാ മേഖലയിലെ സാമ്പത്തിക ഇടപാടുകാരനുമായ ഭാസ്‌കരന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍.ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് ഭാസ്‌കരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ തിരുകിയ നിലയില്‍ കണ്ടെത്തിയത്.

ശുചീകരണ ജോലികള്‍ക്കെത്തിയ നഗരസഭാ ജീവനക്കാരാണ് കൂവം നദിയോടു ചേര്‍ന്ന് ചിന്മയ നഗറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തുന്നത്. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് വ്യവസായിയും പണമിടപാടുകാരനുമായ ഭാസ്‌കരനാണെന്ന് തിരിച്ചറിഞ്ഞത്.

പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായ ഗണേശന്‍ രണ്ടുവര്‍ഷമായി ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചു കൊടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഗണേശന്റെ വീട്ടില്‍വെച്ച്‌ ഏതോ സ്ത്രീയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന ഭാസ്‌കരനെ ഗണേശന്‍ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൂവം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ഭാസ്‌കരന്റെ എടിഎം. കാര്‍ഡുപയോഗിച്ച്‌ പണം പിന്‍വലിച്ച സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സെപ്റ്റംബര്‍ രണ്ടിനുശേഷം ഭാസ്‌കരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *